"ഇന്ന് തുണിയുടുത്തില്ലെങ്കിലും എട്ടരേടെബസ്സിനു ഞാൻ പോകും."
പയറുലർത്തിയ പാത്രം അടുപ്പിൽ നിന്നിറക്കി ശക്തിയോടെ താഴെ വെയ്ക്കുന്നതിനിടയിൽ പൊള്ളിയവിരൽ കുടഞ്ഞുകൊണ്ട് ലിസ്സി പറഞ്ഞു.പത്രത്താളിലെ ചരമവാർത്തയിലൂടെ അലസഗമനം നടത്തിയിരുന്ന കണ്ണുകളുയർത്താതെ ഭർത്താവ് മുരണ്ടു.
"അതിനെന്താ നിന്നെ ആരെങ്കിലും ഇവിടെ പിടിച്ചു നിർത്തുന്നുണ്ടോ?"
"ഇല്ലില്ല! ഓരോ മരപ്പാവകളെ ഊട്ടിത്തീറ്റിയിട്ടു വേണ്ടേ എനിക്കിറങ്ങാൻ?"
"നീ പൊയ്ക്കോ, ഞങ്ങൾ വിളമ്പി കഴിച്ചോളാം " ഭർത്താവ് അലിവാർന്നു.ലിസ്സി തിരക്കിട്ട് കുളിക്കുന്നതിനിടയിൽ വിളിച്ചുകൂവി"മോനൊരു ഓം ലെറ്റുകൂടി വേണംന്ന് ; ഉണ്ടാക്കാമോ?"
"ആ..... എനിക്കറിയില്ല"
"നാശം! ഈ ആണുങ്ങൾക്ക് വിമാനം പറത്താം. ഒരു ഓം ലെറ്റ്.... അറിയില്ലാത്രെ..!"ലിസ്സി പിറുപിറുത്തു.
"അതേയ്... അറിയാനൊന്നൂല്ല.ഉള്ളിയെടുത്തരിഞ്ഞ് ഇത്തിരി ഉപ്പും മുളകും..."
"എത്ര ഉള്ളി?
ഏത്ര മുളക്?
ഉപ്പെത്ര?"
"ഓ...നാശം! ഒരു കിലോ ഉള്ളി;രണ്ടു കിലോ മുളക്. മൂന്നു കിലോ ഉപ്പ്... ഇതെല്ലാം കൂടെ അരച്ചുകലക്കി നേരെ എന്റെ തലയിലേക്ക്....."ലിസ്സി തലയിൽ ഒരു കപ്പു വെള്ളം ഒഴിച്ച് പുറത്തിറങ്ങി.
ചരമവാർത്തയിൽ നിന്നുകണ്ണെടുത്ത് സ്തബ്ധനായിരുന്ന ഭർത്താവിന്റെ മുന്നിലൂടെ ലിസ്സി ബസ്സ് സ്റ്റോപ്പിലേക്കോടി;
അവൾ തുണിയുടുത്തിട്ടുണ്ടായിരുന്നില്ല!
Tuesday, February 17, 2009
Subscribe to:
Posts (Atom)